Take a fresh look at your lifestyle.

ബ്രിട്ടീഷ് സ്ത്രീകളുടെ ഇടയില്‍ പ്രസവ നിരക്ക് ആശങ്കപ്പെടുത്തുംവിധം ഇടിയുന്നു!

0

യുകെയില്‍ സ്ത്രീകളുടെ പ്രസവനിരക്ക് കുത്തനെ ഇടിയുന്നു. രാജ്യത്തു എല്ലാ പശ്ചാത്തലങ്ങളിലുമുള്ള സ്ത്രീകളില്‍ പ്രസവനിരക്ക് ഇടിയുകയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുന്ന സ്ത്രീകള്‍ കുട്ടികള്‍ക്ക് ജന്മമേകുന്നത് നീട്ടിവെയ്ക്കുന്നു. അത് പിന്നീട് പല സങ്കീര്‍ണതകള്‍ക്കും കാരണമാകുന്നു. എല്ലാ വിദ്യാഭ്യാസ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള സ്ത്രീകളെ പരിഗണിക്കുമ്പോഴാണ് പ്രസവനിരക്ക് രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതെന്ന് പുതിയ പഠനം വ്യക്തമാക്കി.

കഴിഞ്ഞ ഒരു ദശകത്തിനിടെ സ്ത്രീകള്‍ കുറവ് കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. കൂടാതെ ഇതിനായി പ്രായമേറുന്നത് വരെ കാത്തിരിക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുന്ന സ്ത്രീകള്‍ കുട്ടികളെ പ്രസവിക്കുന്നത് നീട്ടിവെയ്ക്കുന്നതായും ഗവേഷണം കണ്ടെത്തി.

2010-ല്‍ ഒരു സ്ത്രീക്ക് 1.94 കുട്ടി എന്ന നിലയിലായിരുന്നു ഫെര്‍ട്ടിലിറ്റി നിരക്ക്. എന്നാല്‍ 2021 എത്തിയപ്പോള്‍ ഇത് 1.55 കുട്ടി എന്ന നിരക്കിലേക്ക് താഴ്ന്നു. പഴയ തലമുറയില്‍ 2.4 കുട്ടികളുള്ള കുടുംബം എന്നത് ബ്രിട്ടനില്‍ പഴങ്കഥയായി മാറിക്കഴിഞ്ഞു.

കുട്ടികളെ പ്രസവിക്കുന്ന കണക്കുകള്‍ ടാക്‌സുകളെ നേരിട്ട് ബാധിക്കുന്ന വിഷയമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. കുട്ടികളുടെ എണ്ണം കുറയുന്നതോടെ ഭാവിയില്‍ കെയറിനും, പ്രായമായവര്‍ക്ക് പെന്‍ഷന്‍ നല്‍കാനും ശേഷിയുള്ള ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുടെ എണ്ണവും ബാധിക്കപ്പെടും.

സ്ത്രീകളുടെ വിദ്യാഭ്യാസവും, രക്ഷിതാക്കളുടെ വിദ്യാഭ്യാസ പശ്ചാത്തലവും ചേര്‍ത്താണ് ഈ പഠനം നടത്തിയത്. കുട്ടികളുടെ എണ്ണം കുറയുന്നത് ബ്രിട്ടനില്‍ ജോലിക്കാരുടെ എണ്ണം കുറയ്ക്കാന്‍ വഴിയൊരുക്കും. ഇതോടെ കുടിയേറ്റം ഭാവിയിലും ഒഴിവാക്കാനാവാത്ത ഘടകമായി നിലകൊള്ളും.

സമീപകാലത്തായി ജീവിത സാഹചര്യങ്ങളും സ്ത്രീകളുടെ പ്രസവ നിരക്ക് കുറയ്ക്കാനിടയാക്കുന്നു എന്ന് വിലയിരുത്തലുകളുണ്ട്. ഒരു വശത്തു കുടിയേറ്റം കുറയ്ക്കാനായി സര്‍ക്കാര്‍ അരയും തലയും രംഗത്തു ഉള്ളപ്പോഴാണ് ബ്രിട്ടീഷ് സ്ത്രീകളിലെ പ്രസവ നിരക്ക് ഗണ്യമായി കുറയുന്നത്. ഇത് ഭാവിയില്‍ എല്ലാ മേഖലകളിലും വിദേശ ജോലിക്കാരുടെ വരവ് അനിവാര്യമാക്കുന്നതാണ്.

Leave A Reply

Your email address will not be published.