Take a fresh look at your lifestyle.

സ്‌കോട്ട് ലന്‍ഡ് മുന്‍ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജനെ പൊലീസ് അറസ്റ്റ് ചെയ്തു

0

സ്‌കോട്ട് ലന്‍ഡ് മുന്‍ ഫസ്റ്റ് മിനിസ്റ്ററും എസ്എന്‍പി നേതാവുമായ നിക്കോള സ്റ്റര്‍ജനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെയായിരുന്നു അറസ്റ്റ്. എന്‍സിപിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ടു നടന്ന അറസ്റ്റിന് ശേഷം ആര് മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം വൈകീട്ട് 5.30 ഓടെ കസ്റ്റഡിയില്‍ നിന്നു വിട്ടയച്ചു.

അന്വേഷണങ്ങള്‍ പൂര്‍ത്തിയാകും വരെ കുറ്റം ചുമത്താതെയാണ് വിട്ടയച്ചത്. എന്നാല്‍ വീണ്ടും നിക്കോള സ്റ്റര്‍ജനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. കേസ് ചാര്‍ജ്ജ് ചെയ്യുന്നതുവരെ, പ്രതികള്‍ എന്ന് സംശയിക്കപ്പെടുന്നവരുടെ വിവരങ്ങള്‍ പുറത്തു വിടുക ബ്രിട്ടീഷ് പോലീസിന്റെ പതിവല്ലാത്തതിനാല്‍, 52 കാരിയായ ഒരു വനിതയെ അറസ്റ്റ് ചെയ്തു എന്ന് മാത്രമാണ് പോലീസ് വെളിപ്പെടുത്തിയത്.

റഫറണ്ടത്തിന് ഉപയോഗിക്കുന്നതിനായി സ്‌കോട്‌ലന്‍ഡ് സ്വാതന്ത്ര്യ പ്രവര്‍ത്തകര്‍ എസ്എന്‍പിയ്ക്ക് നല്‍കിയ 660000 പൗണ്ട് സംഭാവനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. സംഭാവന സ്വീകരിക്കുമ്പോള്‍ നിക്കോള സ്റ്റര്‍ജന്‍ ഫസ്റ്റ്മിനിസ്റ്റര്‍ പദവിയിലായിരുന്നു.

എന്നാല്‍ താന്‍ നിരപരാധിയാണെന്ന് നിക്കോള സ്റ്റര്‍ജന്‍ ട്വിറ്ററില്‍ പ്രതികരിച്ചു. ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. അറസ്റ്റില്‍ ഞെട്ടലും വേദനയുമുണ്ടെന്നും ഇവര്‍ പ്രതികരിച്ചു.

സ്‌കോട്ട്‌ ലന്‍ഡിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ക്കായി ശേഖരിച്ച് 6 ലക്ഷം പൗണ്ട് ചെലവാക്കിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് കേസില്‍ എത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പാര്‍ട്ടി ഖജാഞ്ഞി കോളിന്‍ ബിയാറ്റി, ചീഫ് എക്‌സിക്യുട്ടീവ് പീറ്റര്‍ മുറെല്‍ എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ ഇവര്‍ക്കെതിരെയും കേസുകള്‍ ഒന്നും തന്നെ റെജിസ്റ്റര്‍ ചെയ്തിട്ടില്ല.

നിക്കോള സ്റ്റര്‍ജന്റെ ഭര്‍ത്താവാണ് മ്യൂറെല്‍. ഗ്ലാസ്‌ഗോയിലുള്ള ഇവരുടെ വസതിയിലും പോലീസ് പരിശോധന നടത്തിയിരുന്നു. എട്ടു വര്‍ഷത്തോളം സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ നേതാവായിരുന്ന സ്റ്റര്‍ജന്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അപ്രതീക്ഷിതമായി രാജി വയ്ക്കുകയായിരുന്നു.

Leave A Reply

Your email address will not be published.