Take a fresh look at your lifestyle.

‘കൈക്കൂലി ചോദിച്ചത് 3 ലക്ഷം രൂപ’: കേന്ദ്ര ഉദ്യോഗസ്ഥനെ പിടികൂടിയതിൽ ഡിവൈഎസ്‌പി സിബി തോമസ്

0

വയനാട്: കൈക്കൂലി കേസിൽ പിടിയിലായ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥൻ പർവീന്തർ സിങ് പരാതിക്കാരനോട് ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപ. ഒന്നര ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ പരാതിക്കാരന് സംഘടിപ്പിക്കാനായത് ഒരു ലക്ഷം രൂപ മാത്രമാണെന്നും വിജിലൻസ് ഡിവൈഎസ്‌പി സിബി തോമസ് പ്രതികരിച്ചു. പ്രമുഖ സിനിമാ താരം കൂടിയായ സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വിജിലൻസിന്റെ ചരിത്രത്തിൽ ആദ്യമായി കൈക്കൂലി കേസിൽ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനെ പിടികൂടിയത്.

‘പരാതിക്കാരൻ സ്റ്റേഷനിൽ വന്ന് പരാതി എഴുതി നൽകിയിരുന്നു. അപ്പോൾ തന്നെ കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് ലക്ഷം രൂപയാണ് ജിഎസ്ടി ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. എന്നാൽ പരാതിക്കാരൻ ഒന്നര ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞു. എങ്ങനെയൊക്കെയോ തപ്പിപ്പിടിച്ച് ഒരു ലക്ഷം രൂപയാണ് പരാതിക്കാരൻ കൊണ്ടുവന്നത്. 1.5 കോടി രൂപയുടെ പ്രവർത്തിയാണ് കഴിഞ്ഞ വർഷം ചെയ്തതെന്ന് പരാതിക്കാരൻ പറയുന്നു. എന്നാൽ ജിഎസ്ടി ഉദ്യോഗസ്ഥൻ കണക്ക് നോക്കിയപ്പോൾ അത് രണ്ട് കോടി രൂപയുണ്ടെന്ന് പറയുന്നു. ഇതിൽ ഒൻപത് ലക്ഷം രൂപ നികുതി അടക്കാൻ കുടിശികയുണ്ടെന്നാണ് പരാതിക്കാരനോട് പർവീന്തർ സിങ് പറഞ്ഞത്. അത് വേണമെങ്കിൽ ഒഴിവാക്കാം, പക്ഷെ മൂന്ന് ലക്ഷം രൂപ കൊടുക്കണം എന്നാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. 12 ലക്ഷം രൂപയോളം നികുതി പരാതിക്കാരൻ നേരത്തെ അടച്ചിരുന്നു,’ – എന്നും ഡിവൈഎസ്‌പി സിബി തോമസ് പറഞ്ഞു.

സെൻട്രൽ ടാക്‌സ് ആന്റ് എക്സൈസ് കൽപ്പറ്റ റെയ്ഞ്ച് സൂപ്രണ്ടാണ് കൈക്കൂലി കേസിൽ പിടിയിലായ പർവീന്തർ സിങ്. വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം കരാറുകാരനായ വ്യക്തിയുടെ പരാതിയിൽ ഇന്ന് ഉച്ചയ്ക്കാണ് പ്രതിയെ പിടികൂടിയത്. ഹരിയാന സ്വദേശിയായ പർവീന്തർ സിങ് ഒരു ലക്ഷം രൂപ പരാതിക്കാരനോട് കൈക്കൂലി വാങ്ങിയപ്പോഴാണ് വിജിലൻസിന്റെ പിടിയിലായത്. റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിയ ശേഷം ഇന്ന് തന്നെ പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് സിബി തോമസ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.