Take a fresh look at your lifestyle.

യുകെയില്‍ താപനില മിക്കയിടങ്ങളിലും 30 ഡിഗ്രിയിലേക്ക്; ആംബര്‍ അലേര്‍ട്ട്

0

ബ്രിട്ടനില്‍ താപനില മിക്കയിടങ്ങളിലും 30 ഡിഗ്രിയിലേക്ക്. മാര്‍ബെല്ല, ഇബ്‌സിയ തുടങ്ങിയിടങ്ങളിലേക്കാള്‍ ചൂട് കാലാവസ്ഥയാണ് ബ്രിട്ടനില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്.
ചൂടേറുന്ന സാഹചര്യത്തില്‍ നിലവിലെ യെല്ലോ വാണിംഗ് ഈസ്‌റ്റേണ്‍ ഇംഗ്ലണ്ട്, സതേണ്‍ ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ ആംബര്‍ വാണിംഗാക്കി മാറ്റിയിട്ടുണ്ട്. ബ്രിട്ടീഷ് സമയം രാവിലെ ഒമ്പത് മുതല്‍ തിങ്കളാഴ്ച രാവിലെ ഒമ്പത് വരെയാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) പ്രഖ്യാപിച്ചിരുന്നത്.

വര്‍ധിച്ച് വരുന്ന താപനില എല്ലാ പ്രായക്കാരെയും ബാധിക്കുമെന്നതിനാല്‍ ഏവരും ജാഗ്രത പുലര്‍ത്തണമെന്നാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കൊണ്ട് യുകെഎച്ച്എസ്എ മുന്നറിയിപ്പേകിയിരിക്കുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 30 ഡിഗ്രിയിലെത്തിച്ചേരുമെന്നാണ് പ്രവചനം. തല്‍ഫലമായി രാജ്യത്തിന്റെ ചില പ്രദേശങ്ങളിലെ താപനില മാര്‍ബെല്ല, ഇബിസ , ടെനെറൈഫ് എന്നീ ഉഷ്ണ പ്രദേശങ്ങളിലുള്ളതിനേക്കാള്‍ വര്‍ധിക്കുമെന്നും മുന്നറിയിപ്പുണ്ട്.

പ്രായമായവരും ചെറിയ കുട്ടികളും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും ചൂടുള്ള സമയത്ത് പുറത്തിറങ്ങരുതെന്നാണ് യെല്ലോ അലേര്‍ട്ട് പ്രകാരം അധികൃതര്‍ മുന്നറിയിപ്പേകിയിരുന്നത്. നിലവില്‍ നോര്‍ത്ത് ഓഫ് ഇംഗ്ലണ്ട്, ലണ്ടന്‍ എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. യുകെഎച്ച്എസ്എ ആദ്യം ഹീറ്റ് അലേര്‍ട്ട് പ്രഖ്യാപിച്ചത് ബുധനാഴ്ചയാണ്. ചിലയിടങ്ങളില്‍ ചൂടേറിയ സാഹചര്യത്തില്‍ അവിടങ്ങളില്‍ യെല്ലോ അലേര്‍ട്ട് ആംബറിലേക്ക് ഉയര്‍ത്തിയെന്നും യുകെഎച്ച്എസ്എ പറയുന്നു.

ചൂട് ആരെയെങ്കിലും ബാധിക്കുന്നുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിക്കണമെന്നാണ് യുകെഎച്ച്എസ്എ നിര്‍ദേശിക്കുന്നത്. ഹീറ്റ് എക്‌സൗഷന്‍, ഹീറ്റ്‌സ്‌ട്രോക്ക് എന്നിവയുണ്ടായാല്‍ ഉടനടി വേണ്ടത് ചെയ്യാനും നിര്‍ദേശമുണ്ട്. രാവില 11നും വൈകുന്നേരം മൂന്നിനും ഇടയില്‍ പുറത്തിറങ്ങരുതെന്നും യുകെഎച്ച്എസ്എ മുന്നറിയിപ്പേകുന്നു. നായക്കൊപ്പം നടക്കാനും വ്യായാമത്തിനും വെയില്‍ ഇല്ലാത്ത സമയങ്ങള്‍ തെരഞ്ഞെടുക്കണം. സൂര്യന് അഭിമുഖമായി നില്‍ക്കുന്ന ജനാലകളും ഡോറുകളും അടച്ചിടാനും നിര്‍ദേശമുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കാനും യുകെഎച്ച്എസ്എ നിര്‍ദേശിക്കുന്നു.

മെറ്റ് ഓഫീസ് പ്രഖ്യാപിച്ച യെല്ലോ അലേര്‍ട്ടും ഇപ്പോള്‍ നിലവിലുണ്ട്. ഇത് ഇന്ന് ഉച്ചക്ക് രണ്ട് മുതല്‍ ശനിയാഴ്ച രാത്രി ഒമ്പത് മണി വരെയാണ് നിലവിലുള്ളത്. ചൂടിനിടെ ചിലയിടങ്ങളില്‍ മഴ പെയ്ത് പെട്ടെന്ന് വെള്ളപ്പൊക്ക സാധ്യത പ്രവചിക്കപ്പെട്ടതിനാല്‍ ചിലയിടങ്ങളില്‍ യാത്രകള്‍ക്ക് തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കൂടാതെ പവര്‍ കട്ടുകളുണ്ടാകുമെന്നും പ്രവചനമുണ്ട്.

ജൂണ്‍ 12 വരെ ചൂട് തുടരുമെന്നും ശനിയാഴ്ച 10ാം തീയതിയാകും ഈ വര്‍ഷത്തെ ഏറ്റവും അധികം ചൂടുള്ള ദിവസമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Leave A Reply

Your email address will not be published.